
കരൂർ: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ഉദയനിധി പറഞ്ഞു. തന്റെ പ്രസ്താവനയെപ്പറ്റി രാജ്യമെമ്പാടും ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ യുവജനവിഭാഗം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെപ്പറ്റിയും ഞാന്‍ നടത്തിയ പ്രസംഗത്തെപ്പറ്റിയും പരാമര്‍ശിക്കുകയുണ്ടായി. ഒരു വംശഹത്യയ്ക്കാണ് ഞാന്‍ ആഹ്വാനം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പറയാത്ത കാര്യങ്ങളെപ്പറ്റിയാണ് അദ്ദേഹം അവിടെ പറഞ്ഞത്. എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്,” ഉദയനിധി പറഞ്ഞു.
“ചെന്നൈയിലെ പരിപാടിക്കിടെ മൂന്ന് മിനിറ്റ് മാത്രമാണ് ഞാന്‍ സംസാരിച്ചത്. എല്ലാവരെയും തുല്യരായി കാണണമെന്നും വിവേചനം പാടില്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. അത്തരം വിവേചനം നടത്തുന്നവരെ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജനം ചെയ്യണമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ വാക്കുകള്‍ ബിജെപി നേതാക്കള്‍ വളച്ചൊടിച്ചു. തുടര്‍ന്ന് രാജ്യം മുഴുവന്‍ എന്നെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്തു.”
“എന്റെ തലയ്ക്ക് 5-10 കോടി രൂപ ഇനാം പ്രഖ്യാപിച്ചവരുണ്ട്. അതേസമയം ഈ വിഷയം ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുകയാണ്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ചിലര്‍ എന്നോട് പറഞ്ഞു. എന്നാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ സ്റ്റാലിന്റെ മകനും കലൈഞ്ജറുടെ പേരക്കുട്ടിയുമാണ്. ഇരുവരും ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്,” ഉദയനിധി പറഞ്ഞു.