
കോഴിക്കോട്: കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബിപിസിഎല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബിപിസിഎൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക.
പ്ലാന്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന കംപ്രസ്‌ഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഈ തുക പൂർണമായും ബിപിസിഎൽ ആണ് വഹിക്കുക. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 387 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് ഇവര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ദിവസങ്ങള്‍ക്ക് ദിനം ഒന്നിന് ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.














