
ടെഹ്റാൻ: ഇറാനിൽ പ്രക്ഷോഭകാരികൾക്കെതിരെ സർക്കാർ തുടരുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഇറാൻ അധികൃതരുമായുള്ള എല്ലാ ചർച്ചകളും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് നയതന്ത്ര ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചർച്ചകൾക്ക് താൻ തയ്യാറാണെന്ന സൂചന നൽകിയിരുന്നെങ്കിലും ഇറാനിലെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ആ തീരുമാനം മാറ്റുകയാണെന്ന് അദ്ദേഹം അറിയിച്ചു.
തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലെ പ്രക്ഷോഭകാരികളെ പിന്തുണ അദ്ദേഹം, പ്രതിഷേധം തുടരാനും സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും ആഹ്വാനം ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ അക്രമം അഴിച്ചുവിടുന്നവർ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘സഹായം ഉടൻ എത്തും’ എന്ന വാക്കുകളിലൂടെ പ്രതിഷേധക്കാർക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു.
മുൻപ് ഇറാൻ ഭരണകൂടവുമായി ചർച്ചകൾ നടത്താൻ സാധ്യതയുണ്ടെന്നും അതിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്‍റ്. ഇറാനെ വീണ്ടും ശക്തമായ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘മൈഗ’ (Make Iran Great Again – MIGA) എന്ന വാചകത്തോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.













