
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കത്തയച്ച് കേന്ദ്ര കായിക മന്ത്രി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചുമതല വഹിക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി ഗുസ്തി ഫെഡറേഷനെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് കായികമന്ത്രാലയം കത്തയച്ചത്. അച്ചടക്കമുള്ള ഗുസ്തിതാരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തിൽ പറയുന്നു.
കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം തീരുമാനമെടുക്കാൻ താത്കാലിക പാനൽ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്ക് മന്ത്രാലയം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഫെഡറേഷന്റെ മുൻ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഡബ്ല്യൂഎഫ്ഐയുടെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ട്. കൃത്യമായ രീതിയിലുള്ള ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ആവശ്യമാണ്. ഇക്കാര്യം ഒളിമ്പിക് അസോസിയേഷൻ ഉറപ്പുവരുത്തണമെന്നും കായിക മന്ത്രാലയം ആവശ്യപ്പെട്ടു.