തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് പുനരാരംഭിക്കുമ്പോൾ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലവും ഇന്ന് മുതൽ സഭയിലുണ്ടാകും. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മൻ എംഎൽഎ ആയി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.
പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുക. ഉപതെരഞ്ഞെടുപ്പ് സമ്മാനിച്ച ഗംഭീര ഭൂരിപക്ഷത്തിന്രെ ആത്മവിശ്വാസത്തോടെയാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ഉമ്മൻചാണ്ടിയോടുളള സ്നേഹത്തോടൊപ്പം സർക്കാറിനെതിരായ വിധിയെഴുത്തായാണ് പ്രതിപക്ഷം ഫലത്തെ കാണുന്നത്. ഇതുവരെ ഫലത്തെ കുറിച്ച് മിണ്ടാത്തത് അടക്കം ഉന്നയിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷ നീക്കം. സോളാർ ലൈംഗിക പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് ആദ്യ ദിനം തന്നെ പ്രതിപക്ഷം ആയുധമാക്കും.
ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മൻ എതിർ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. വെറും 6447 വോട്ടുകൾ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.