ഷിക്കാഗോയില്‍ നാലംഗ കുടുംബം വെടിയേറ്റു മരിച്ചനിലയില്‍, 3 വളര്‍ത്തു നായ്ക്കളും കൊല്ലപ്പെട്ടു

ഷിക്കാഗോ: യുഎസിലെ ഷിക്കോഗോയിലെ ഹാംപ്ടണ്‍ പാര്‍ക്കിലെ കോണ്‍കോര്‍ഡ് അവന്യുവില്‍ താമസിക്കുന്ന ദമ്പതിമാരെയും രണ്ടുമക്കളെയും വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ആല്‍ബര്‍ട്ടോ റോളന്‍(38) ഭാര്യ സൊറൈഡ, ഏഴും 10 വയസ്സുള്ള രണ്ടു കുട്ടികള്‍ എന്നിവരെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന 3 വളര്‍ത്തു നായ്ക്കളും വെടിയേറ്റ് ചത്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല. ദമ്പതിമാര്‍ രണ്ടു പേര്‍ക്കും ജോലിയുള്ളവരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇരുവര്‍ക്കും കടബാധ്യതയുള്ളതായി ഇന്‍കം ടാക്സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ എല്ലാവരും സംഭവത്തില്‍ നടുക്കത്തിലാണ്. വീട്ടില്‍ നിന്ന് വെടിയൊച്ച ആരും കേട്ടിട്ടില്ല. വിവിധ തലങ്ങളിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ വീടിന്റെ പുറത്ത് മരിച്ചവരോടുള്ള ആദരമായി പൂക്കളും മെഴുകുതിരികളുമായി ഏറെപ്പേര്‍ എത്തുന്നുണ്ട്.

ഒരുദിവസം മുഴുവന്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് വീട് പരിശോധിച്ചപ്പോള്‍ നാലു പേരേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് സംഭവം നടന്നതെന്നു കരുതുന്നു.

സംഭവം കൊലപാതകമാണെന്ന് പൊലീസ് കരുതുന്നു. ആ നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു മക്കളേയും വളര്‍ത്തു നായ്ക്കളേയും കൊന്ന് ജീവനൊടുക്കാന്‍ സാധ്യത കുറവാണെന്ന് പൊലീസ് കരുതുന്നു.

Chicago couple ,their 2 children, 3 dogs found shot dead