
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈപ്പിന്‍ മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കുന്നതിനാണ് വാട്ടര്‍ മെട്രോ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത്. വാട്ടര്‍ മെട്രോയുടെ നീല തൊപ്പിയണിഞ്ഞാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും കൊച്ചിക്കായലിലൂടെ യാത്ര നടത്തിയത്.
‘നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍…’ എന്ന് മുഖ്യമന്ത്രി സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. മന്ത്രിമാരായ പി രാജീവ്, ആന്റണി രാജു എന്നിവര്‍ മാത്രമാണ് മുന്‍പ് യാത്ര ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ആദ്യയാത്രയുടെ ആവേശം സെല്‍ഫി പകര്‍ത്തിയാണ് മന്ത്രിമാര്‍ പ്രകടിപ്പിച്ചത്.
വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വാട്ടര്‍ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്. സര്‍വ്വീസ് ആരംഭിച്ച് 7 മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേര്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. ലോകത്തിന് മുന്നില്‍ മറ്റൊരു കേരള മോഡല്‍ ആണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.