മുഖ്യമന്ത്രി നേരിട്ട് വന്നുകണ്ട് ബോധ്യപ്പെടുത്തണം, എങ്കിൽ ഒപ്പിടാം : ബില്ലുകൾ സംബന്ധിച്ച് ഗവർണർ

സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് കൊടുമ്പിരി കൊണ്ടിരിക്കെ അടുത്ത രാഷ്ട്രീയ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മുഖ്യമന്ത്രി നേരിട്ടു വന്ന് കാര്യങ്ങൾ വിശദീകരിച്ചാൽ ബില്ലുകൾ ഒപ്പിടുന്ന കാര്യം പരിഗണിക്കാമെന്നാണ് ഗവർണറുടെ നിലപാട്. ബിൽ ഒപ്പിടാത്തത് മുഖ്യമന്ത്രിയുടെ കുഴപ്പം കൊണ്ടാണ് എന്ന് ഇതുവഴി അദ്ദേഹത്തിന് വരുത്തിത്തീർക്കാം എന്നാണ് പുതിയ നീക്കത്തിന്റെ ഗുണം,

“മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെയല്ല ഗവർണറോട് സംസാരിക്കേണ്ടത്. എന്തങ്കിലും പറയാനുണ്ടങ്കിൽ നേരിട്ട് രാജ്ഭവനിൽ എത്തി വിശദീകരിക്കണം. ബില്ലുകളിൽ ഒപ്പിടാം, പക്ഷേ സാഹചര്യം എന്ത്, ആവശ്യകത എന്തെന്നും ബോധ്യപ്പെടുത്തണം,” ഗവർണർ വ്യക്തമാക്കി. സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്നെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാന്‍സലർമാരെ നിയമിക്കാൻ നടപടി തുടങ്ങിയതായും ഇനി സമ്മർദത്തിന് വഴങ്ങില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

“കണ്ണൂർ സർവകലാശാലയിലെ വൈസ് ചാന്‍സലർ നിയമനം തന്റെ ഉത്തരവാദിത്തമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. സർവകലാശാലയുടെ പരമാധികാരവും ചാൻസലറുടെ പങ്കും അംഗീകരിച്ചല്ലോ. സർക്കാരാണ് തുടർച്ചയായി സമ്മർദം ചെലുത്തിയത്. ഇനിയെങ്കിലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം,” ഗവർണർ പറഞ്ഞു. രാജ്ഭവനെതിരെ എന്തും ഉന്നയിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ദന്താശുപത്രി വിഷയം പോലുള്ളവ ഉയർന്നുവരുന്നതും ഇതെല്ലാം അല്‍പ്പത്തരമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു.

അതിനിടെ ഉന്നത വിദ്യാഭ്യാസ രംഗം കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവൻ മാർച്ച് നടത്തി. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. വി സി പുനര്‍നിയമനത്തിൽ സംസ്ഥാന സർക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി . വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു പറഞ്ഞ കോടതി, ഗവർണർക്കെതിരെയും വിമർശനമുയർത്തിയിരുന്നു. അതിനു മുമ്പ് രണ്ടു വർഷം ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വച്ച ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രീംകോടതിയിൽ കേസ് വരുന്നതിനു തൊട്ടു മുമ്പ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

ഗവർണർ ആർഎസ്എസിൻ്റെ ദണ്ഡുമായാണ് കേരളത്തിലേക്ക് വന്നിരിക്കുന്നതെന്നും പല വഴികൾ നോക്കിയിട്ടും പറ്റാത്തതിനാൽ കേരളത്തെ തകർക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. കണ്ണൂർ വിസിയുടെ വിഷയത്തിൽ സുപ്രീംകോടതി വിധി വന്ന അന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ഗവർണർ പറയാതെ പറഞ്ഞു വച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide