പശ്ചിമബംഗാൾ ഗവർണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അടക്കം നിരവധി ഗവർണർമാർ സ്ഥാനമൊഴിഞ്ഞു. മൂന്നരവർഷത്തെ സേവനത്തിന് ശേഷമാണ് ആനന്ദ ബോസ് രാജി സമർപ്പിച്ചത്. ആനന്ദബോസിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ആർ.എൻ. രവിയാണ് ബംഗാളിലെ പുതിയ ഗവർണ്ണർ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കേരളത്തിന് പുറമെ തമിഴ്‌നാടിന്റെ അധിക ചുമതല കൂടി നൽകി. ആനന്ദബോസിന് നിലവിൽ പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല. ഒപ്പം മുൻ കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെയും ബിഹാർ ഗവർണർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.
ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. തരൺജിത് സിംഗ് സന്ധു ഡൽഹിയുടെ പുതിയ ഗവർണ്ണറാകും. നിലവിലെ ഡൽഹി ഗവർണ്ണർ വിനയ് കുമാർ സക്സേനയെ ലഡാക്കിലേക്ക് മാറ്റി നിയമിച്ചു. ലഡാക്ക് ലഫ്. ഗവർണ്ണർ പദവി രാജിവെച്ച കവീന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണ്ണറായി നിയമിച്ചു. കൂടാതെ സയിദ് അത ഹസ്നൈനെ ബിഹാർ ഗവർണ്ണറായും നിയമിച്ചിട്ടുണ്ട്.
മറ്റു പ്രധാന നിയമനങ്ങളിൽ ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്ര ഗവർണ്ണറായും ശിവപ്രതാപ് ശുക്ലയെ തെലങ്കാന ഗവർണ്ണറായും നിശ്ചയിച്ചു. നന്ദകിഷോർ യാദവാണ് നാഗാലാൻഡിന്റെ പുതിയ ഗവർണ്ണർ. രാജ്യത്തെ ഒൻപതോളം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണത്തലപ്പത്താണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഈ അഴിച്ചുപണി നടത്തിയിരിക്കുന്നത്.
C.V. Ananda Bose resigns; Major reshuffle of Governors in India















