
കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും. അരലക്ഷത്തോളം പേര് റാലിയില്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. പലസ്തീന് വിമോചന നായകന് യാസര്‍ അറാഫത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
സ്വപ്നനഗരിയിലെ യാസര്‍ യാസര്‍ അറഫാത്ത് നഗറിലേക്ക് ആളുകള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. മതസാമുദായിക നേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇടത് നേതാക്കള്‍ക്കൊപ്പം മുസ്ലീം സംഘടനാ നേതാക്കളും റാലിയില്‍ പങ്കെടുക്കും. റാലിയില്‍ കെ ടി കുഞ്ഞിക്കണ്ണന് എഴുതിയ ‘പലസ്തീന്; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രകാശനം ചെയ്യും.
റാലിയില്‍ പങ്കെടുക്കാന്‍ ലീഗിനെ സിപിഎം ക്ഷണിച്ചത് രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. അതേസമയം ലീഗിനെ അങ്ങോട്ടു പോയി ക്ഷണിച്ചതല്ല എന്നും ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗിന്റെ ഉന്നത നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. ലീഗ് നേതാവിന്റെ പ്രതികരണത്തിന്റെ ഭാഗമായാണ് സിപിഎം അവരെ ക്ഷണിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എതിരായി നില്ക്കുമ്പോള് അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.