
കോഴിക്കോട്: കുസാറ്റ് ദുരന്തത്തില്‍ ദുഃഖം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷ പരിപാടി ദുരന്തമായി മാറിയെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കും. ജാഗ്രത പാലിക്കണം. തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. എല്ലാ തരത്തിലുള്ള നടപടികളും ഉണ്ടാകും. അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. കുസാറ്റ് അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും വേദിയിലെ ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
സംഭവത്തെതുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാര്‍ കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് ഉടന്‍ തന്നെ എത്തിയത്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി കോഴിക്കോടുനിന്ന് ഏകോപനം ചെയ്തു. അതേസമയം നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ ഇന്ന് പൂര്‍ത്തിയാകും.










