ലോസ് ആഞ്ചലസ്: 2013 ല്‍ ലോസ് ആഞ്ചലസില്‍ വെച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് നടന്‍ ഡാനി മാസ്‌റ്റേഴ്‌സണെ കോടതി 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മെയ് മാസത്തിൽ നടന്ന രണ്ടാം വിചാരണയിലാണ് ബലാത്സംഗക്കേസില്‍ നടന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
‘ദാറ്റ് 70സ് ഷോയിലെ ഒരു വേഷത്തിലൂടെ പ്രശസ്തനായ മാസ്റ്റേഴ്‌സണ്‍ വ്യാഴാഴ്ച രാവിലെ 8:30 ന് കോടതിയില്‍ ഹാജരായി. ശിക്ഷിക്കപ്പെട്ടത് മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു നടന്‍.
വിചാരണക്കിടെ മാസ്റ്റേഴ്‌സണ്‍ നിലപാടുകളൊന്നും എടുത്തില്ല, എന്നാല്‍ സ്ത്രീകളെ ആക്രമിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
മാസ്റ്റേഴ്‌സണ്‍ സ്ത്രീകളെ ലഹരിമരുന്ന് നല്‍കി ബലമായി പീഡിപ്പിച്ചുവെന്നും സ്ത്രീകള്‍ ഇക്കാര്യം സഭയില്‍ അറിയിച്ചപ്പോള്‍ ചര്‍ച്ച് ഓഫ് സയന്റോളജി നടനെ സംരക്ഷിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സഭ തങ്ങളോട് പറഞ്ഞെന്നും പൊലീസിനെ സമീപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയെന്നും സഭ തങ്ങളെ ‘ധാര്‍മ്മിക പരിപാടികള്‍’ എന്ന് വിളിക്കുന്ന പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത് എന്നും സ്ത്രീകള്‍ പറഞ്ഞു.
രണ്ട് കേസുകളിലായി 15 വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചത്. ഇത് ഒരുമിച്ച് നടപ്പാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ശിക്ഷകള്‍ ഒന്നിനു പിന്നാലെ ഒന്നായി നടപ്പാക്കണമെന്ന് ജഡ്ജി ഒല്‍മെഡോ തീരുമാനിച്ചു. ചര്‍ച്ച് ഓഫ് സയന്റോളജിയുടെ ഉയര്‍ന്ന റാങ്കിലുള്ള അംഗമായിരുന്നു മാസ്റ്റേഴ്‌സണ്‍.