‘കെട്ടിച്ചമച്ചത്, ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ പോരാട്ടം തടയാന്‍ കഴിയില്ല’; ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് മലയാളിയായ ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: രാജ്ഭവനിലെ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് മലയാളിയായ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്. ഇത് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു.

തന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ശ്രമമെന്നും എന്നാല്‍ ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ തന്റെ പോരാട്ടം തടയാന്‍ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സത്യം വിജയിക്കും. കെട്ടിച്ചമച്ച കാര്യങ്ങളില്‍ ഞാന്‍ തളരില്ല, ആരെങ്കിലും എന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് നേട്ടം ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാല്‍ ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ എന്റെ പോരാട്ടം തടയാന്‍ അവര്‍ക്ക് കഴിയില്ല,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാജ്ഭവന്‍ ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗവര്‍ണറെ നേരില്‍ കാണാന്‍ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരം നിയമനം നല്‍കാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് എം പി സാഗരിക ഘോഷാണ് എക്സ് ഹാന്‍ഡിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാനത്ത് എത്തിയിരിക്കെയാണ്‌ ഗവര്‍ണര്‍ക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്.

സന്ദേശ്ഖാലിയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് ഷെയ്ഖ് ഷാജഹാനെതിരെയുള്ള ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയിരുന്ന സംസ്ഥാന ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ ആരോപണങ്ങള്‍ അനുഗ്രഹമായി. സന്ദേശ്ഖാലിയില്‍ നിന്നുള്ള സ്ത്രീകളോട് ആദ്യമായി സംസാരിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ഗവര്‍ണറായിരുന്നു. ‘ഞങ്ങള്‍ ആകെ ഞെട്ടിപ്പോയി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് സന്ദേശ്ഖാലിയില്‍ എത്തിയ അതേ ഗവര്‍ണര്‍ ഇപ്പോള്‍ തികച്ചും ലജ്ജാകരമായ സംഭവത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അദ്ദേഹം തന്റെ സ്ഥാനത്തിന്റെയും കസേരയുടെയും പ്രശസ്തി തകര്‍ത്തു’-തൃണമൂല്‍ നേതാവ് ഷശി പഞ്ച പറഞ്ഞു. മാത്രമല്ല, ഒരു ഗവര്‍ണര്‍ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ നാണക്കേടായി മറ്റൊന്നുമില്ല, അതും രാജ്ഭവനില്‍… ഇന്ന് പ്രധാനമന്ത്രി സംസ്ഥാനത്ത് വരുന്നു, അദ്ദേഹം രാജ്ഭവനില്‍ തങ്ങും. അദ്ദേഹത്തിന്റെ പ്രതികരണം അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.