ബെംഗളുരു: കറുത്ത നിറത്തിന്റെ പേരില്‍ ഭാര്യയില്‍ നിന്ന് നിരന്തര പരിഹാസം നേരിടേണ്ടി വന്ന 44-കാരന് വിവാഹമോചനം അനുവദിച്ച് കർണ്ണാടക ഹെെക്കോടതി. നിറത്തിന്റെ പേരില്‍ അപമാനിക്കാനുള്ള ഭാര്യയുടെ ശ്രമം ക്രൂരമാണെന്നും, വിവാഹമോചനം അനുവദിക്കാനുള്ള ശക്തമായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു. പതിനാറ് വര്‍ഷത്തെ ദാമ്പത്യമാണ് ഹെെക്കോടതി വിധിയോടെ അവസാനിച്ചത്.
41 കാരിയായ ഭാര്യ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും, മറ്റുകാരണങ്ങളില്ലാതെ ഭര്‍ത്താവിന്റെ അടുത്തുനിന്ന് മാറി താമസിച്ചതായും കോടതിക്ക് ബോധ്യപ്പെട്ടു. സ്വന്തം പ്രവർത്തികളെ ന്യായീകരിക്കാന്‍ ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് അടക്കം തെറ്റായ ആരോപണങ്ങളും ഇവർ ഉയർത്തിയിരുന്നു. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.
2007-ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ഈ മകളെ കരുതിയാണ് ഇത്രയും കാലം പരിഹാസങ്ങളെല്ലാം സഹിച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. കുടുംബത്തിന് പുറത്തുള്ളവരോട് പോലും ഭർത്താവിന്റെ ഇരുണ്ട നിറത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിക്ക് വിവാഹ ബന്ധത്തില്‍ താത്പര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
2012-ലാണ് വിവാഹമോചനം തേടി യുവാവ് ബെംഗളുരുവിലെ കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച യുവതി, ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെയാണ് ഉപദ്രവിക്കുന്നതെന്ന് കോടതിയില്‍ വാദിച്ചു. ഇതിനിടെ ഗാർഹിക പീഢനമാരോപിച്ച് ഭർത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസുകൊടുത്തു. സ്ത്രീധനം ആവശ്യപ്പെട്ടു പീഢിപ്പിക്കുന്നു, മകളുമായി പുറത്തുപോകാന്‍ പോലും അനുവദിക്കുന്നില്ല എന്നിങ്ങനെയായിരുന്നു പരാതി.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്നും, ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും കോടതിയില്‍ ഇവർ അവകാശപ്പെട്ടു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 2017-ല്‍ കുടുംബ കോടതി വിവാഹമോചന ഹർജി തള്ളി. ഇതോടെയാണ് അപ്പീലുമായി യുവാവ് ഹെെക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അലോക് ആരാദേ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. നിറത്തിന്റെ പേരില്‍ അപമാനിക്കാനുള്ള ശ്രമം ക്രൂരമാണെന്ന് വ്യക്തമാക്കിയ കോടതി വിവാഹമോചനം അനുവദിക്കാന്‍ കുടുംബ കോടതിക്ക് നിർദേശം നല്‍കി.