
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കിയ സുഹൃത്ത് വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരോട് ഈ മാസം 14ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
അതേസമയമ, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ചിലര്‍ തട്ടിക്കൊണ്ടുപോകുന്നു എന്ന പരാതി കമ്മീഷന് ലഭിച്ചിട്ടില്ലെന്നും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സിറ്റിംഗ് നടത്തിയിട്ടും പരാതികള്‍ ഒന്നും ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ എ റഷീദ് പറഞ്ഞു.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ട സുഹൃത്ത് ഡോക്ടര്‍ റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ റുവൈസിനെ കൊല്ലത്തെ ബന്ധുവീട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് പിടികൂടിയത്.