സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും നല്‍കിയില്ല; ഭർത്താവ് യുവതിയെ മര്‍ദിച്ച് കൊന്നതായി പരാതി

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്‌മയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കരിഷ്‌മ വീട്ടിൽ വിളിച്ച് വികാസും കുടുംബവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ തന്നെ മർദിക്കുന്നതായി പറഞ്ഞു. തുടർന്ന് കരിഷ്മയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ മകളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ഭർത്താവ് വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ,അനിൽ എന്നിവർക്കെതിരെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. വികാസിനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ നടത്തുന്നതായും പൊലീസ് അറിയിച്ചു.

2022 ഡിസംബറിലാണ് വികാസും കരിഷ്‌മയും വിവാഹിതരായത്. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് മൂന്നിലെ ഖേദ ചൗഗൻപൂർ ഗ്രാമത്തിൽ വികാസിന്റെ കുടുംബത്തോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. വിവാഹ സമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവി കാറും സ്ത്രീധനമായി നൽകിയിരുന്നതായി കരിഷ്‌മയുടെ സഹോദരൻ ദീപക് പറഞ്ഞു.

എന്നാൽ വികാസിന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കരിഷ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ദീപക് ആരോപിച്ചു. കരിഷ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷവും ഈ പീഡനം തുടർന്നു. നാട്ടിലെ പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പിന്നീട് കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ കൂടി വികാസിന് നൽകി. അടുത്തിടെ ഒരു ഫോർച്യൂണർ കാർ വാങ്ങാൻ വേണ്ടി 21 ലക്ഷം രൂപ വീട്ടിൽ നിന്നും ആവശ്യപ്പെടാൻ വികാസിന്റെ കുടുംബം കരിഷ്മയോട് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് സഹോദരിയെ മർദിച്ചതെന്ന് ദീപക് ആരോപിച്ചു.

More Stories from this section

family-dental
witywide