
ഗാസ: ഗാസയിൽ ഇസ്രയേലിൻ്റെ ആക്രമണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആക്രമണം രൂക്ഷമായിരിക്കുകയാണ്. വ്യോമാക്രമണത്തിനു ഒപ്പം കരയാക്രമണവും കടുപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിൽ ഗാസയിൽ 8005 പേർ മരിച്ചു എന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാണ്ട് പൂർണമായും നിലച്ചിരുന്ന വാർത്താ വിനിമയ സംവിധാനം പതിയെ പുനസ്ഥാപിച്ചു വരുന്നു.
അൽ -ഖുദ്‌സ് ആശുപത്രിയിൽ ബോംബിടാൻ പോകുന്നതിനാൽ ഉടൻ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഭീഷണിപ്പെടുത്തിയതായി പലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം വർധിച്ചു വരികയാണെന്നും 50 മീറ്റർ അടുത്തുള്ള കെട്ടിടങ്ങളിൽ വരെ ആക്രമണമുണ്ടായെന്നും വക്താവ് നെബൽ ഫർസാഖ് പറഞ്ഞു.
12,000 പേർ ഇവിടെ ചികിത്സയിലുണ്ട്. വ്യോമാക്രമണത്തിൽ പരിക്കേറ്റ കുട്ടികളാണ് തീവ്രപരിചരണ വിഭാഗത്തിൽ കൂടുതലും. ഭൂരിഭാഗവും ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തിലാണ് കഴിയുന്നത്. അവരെ ഒഴിപ്പിക്കുന്നത് അവരെ കൊല്ലുന്നതിന് തുല്യമാണ്–- അവർ പറഞ്ഞു.എന്നാൽ ബോംബിങ് ഭീഷണി ഇപ്പോഴും നിലനൽക്കുകയാണ്. ആളുകൾ ഭയത്തിലാണ്.
നിലവിൽ പ്രവർത്തനത്തിലുള്ള ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആരോഗ്യകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പലസ്‌തീൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. അതിനിടെ ഗാസയിൽ നടക്കുന്ന അതിക്രമത്തിനെതിരെ ലോക നേതാക്കൾ ഒന്നും ചെയ്യുന്നില്ലെന്നും അടിയന്തര ഇടപെടൽ വേണമെന്നും സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡർ കുറ്റപ്പെടുത്തി.
സംസ്കരിക്കാൻ വഴിയില്ലാതെ കുന്നുകൂടികിടക്കുകയാണ്. ആശുപത്രികളിലെ മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു. ശ്‌മശാനങ്ങളിൽ ആഴത്തിൽ കുഴിയെടുത്ത് ഒന്നിച്ച് സംസ്കരിക്കേണ്ട സ്ഥിതിയാണ്. പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനോ വിലപിക്കാനോ ആകാതെ പലരും ആശുപത്രികളിൽ ചികിത്സയിലാണ്.
മോർച്ചറികൾ നിറയുന്നതുമൂലം മരിച്ചവരെ ബന്ധുക്കൾ തിരിച്ചറിയുന്നതിനു മുമ്പ് അടക്കം ചെയ്യാൻ ആശുപത്രികളും നിർബന്ധിതരാണ്. മരിച്ചാൽ തിരിച്ചറിയാനായി പലസ്തീൻ കുടുംബങ്ങൾ ബ്രേസ്‌ലെറ്റുകൾ ധരിക്കാനും കുട്ടികളുടെ കൈകളിലും കാലുകളിലും മാർക്കർ ഉപയോഗിച്ച് പേരുകൾ എഴുതാനും തുടങ്ങി. ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരിൽ നിരവധിപ്പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 1700 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്.
Death toll crosses 8000 in Gasa














