
ന്യൂഡൽഹി: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഡൽഹി പൊലീസ് 19-കാരനെ ചോദ്യം ചെയ്തു. ബിഹാര്‍ സ്വദേശിയായ യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
യുവാവ് ആദ്യം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തതായി പൊലീസ് സംശയിക്കുന്നു.
വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ഇയാളുടെ അക്കൗണ്ടിൽ നിന്നായതിനാലാണ് അന്വേഷണത്തിൽ ചേരാൻ നോട്ടീസ് നൽകിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എന്നാൽ ഡീപ്‌ഫേക്ക് വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് 19-കാരന്‍ നല്‍കിയ മൊഴി.
സംഭവത്തിൽ ഡൽഹി പൊലീസ് ‘മെറ്റ’ കമ്പനിയിൽനിന്ന് വിശദാംശങ്ങൾ തേടിയിരുന്നു. മന്ദാനയുടെ വിഡിയോ പുറത്തുവിട്ട സമൂഹമാധ്യമ അക്കൗണ്ടിന്റെയും പങ്കുവെച്ചവരുടെയും വിശദവിവരങ്ങൾ ഡൽഹി പൊലീസ് തേടിയിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെ തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.