ആമിര്‍ ഖാന്റെ ഡീപ്‌ഫേക് വീഡിയോ : എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള ഡീപ് ഫേക് സാങ്കേതിക വിദ്യയുടെ ഇരയായി നടന്‍ ആമിര്‍ ഖാനും. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ഡീപ്‌ഫേകിലൂടെ നിര്‍മ്മിച്ചെടുത്ത ആമിര്‍ഖാന്റെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരാള്‍ക്കെതിരെ മുംബൈ പോലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 419 (ആള്‍മാറാട്ടം), 420 (വഞ്ചന), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ മറ്റ് വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഖാര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് എഡിറ്റ് ചെയ്തതായി തോന്നുന്ന 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ആമിര്‍ ഖാന്‍ സംസാരിക്കുന്നത് കാണാം. കോണ്‍ഗ്രസിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണങ്ങളിലൂടെ ആമിര്‍ഖാന്‍ ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് നടന്റെ വക്താവ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

‘തന്റെ 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ആമിര്‍ ഖാന്‍ അംഗീകരിച്ചിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജന ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ വഴി ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം തന്റെ ശ്രമങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്,’- ഖാന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ആമിര്‍ ഖാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അടുത്തിടെ വൈറലായ വീഡിയോയില്‍ ഞങ്ങള്‍ ആശങ്കാകുലരാണെന്നും ഇതൊരു വ്യാജ വീഡിയോയാണെന്നും തീര്‍ത്തും അസത്യമാണെന്നും വക്താവ് വ്യക്തമാക്കി. മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം സെല്ലില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ അധികാരികള്‍ക്ക് അദ്ദേഹം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഖാന്റെ വക്താവ് കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ തെണ്ടുല്‍ക്കറും രശ്മിക മന്ദാനയും നടി സിമ്രാനുമൊക്കെ മുമ്പ് ഡീപ് ഫേക്ക് വീഡിയോകളുടെ ഇരകളാകുകയും വിഷയം ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

More Stories from this section

dental-431-x-127
witywide