
ലണ്ടൻ: കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ‘ഡിസീസ് എക്സ്’ എന്ന മഹാമാരിയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ മുൻഗണന രോഗങ്ങളുടെ പട്ടികയിൽ ഡിസീസ് എക്‌സിനെയും ഉൾപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു.
കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയുള്ള ഡിസീസ് എക്സിനെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഡിസീസ് എക്സിനെക്കുറിച്ച് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 76-ാമത് ആഗോള ആരോഗ്യ സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇതിനെക്കുറിച്ച് പരാമർശമുള്ളത്.
“പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്നു സ്ഥിരീകരണമില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവിൽ ഇല്ലെന്നതും ആശങ്കയാണ്. 1918–20 കാലഘട്ടത്തിൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്സ്’ എന്നാണു കരുതുന്നത്. അന്നു ലോകമാകെ 50 ദശലക്ഷം ആളുകളാണു മരിച്ചത്. അതുപോലെ ഭീകരമാകും പുതിയ രോഗവും,” യുകെ വാക്സfൻ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം പറയുന്നു.
വൈറസിന്റെ തീവ്രതയും രോഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുൻഗണന കൊടുക്കേണ്ട രോഗങ്ങളുടെ പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. കോവിഡ് 19, ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ, എബോള, ലാസ ഫീവർ, നിപ, സിക ഇവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്തതു കൊണ്ടാണ് രോഗത്തിന് ഡിസീസ് എക്സ് എന്ന പേരു നൽകിയിരിക്കുന്നത്.











