ഡോ. ഷഹ്നയുടെ മരണം: സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ, മെഡിക്കൽ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന യുവ ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ . ആത്മഹത്യപ്രേരണാക്കുറ്റവും സ്ത്രീധനനിരോധന നിയമവും ചുമത്തിയാണ് അറസ്‌റ്റെന്ന് എസിപി ഡി .കെ പൃഥ്വിരാജ് അറിയിച്ചു. റുവൈസിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ റുവൈസിന്റെ കുടുംബാഗങ്ങളുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിൽ വച്ച് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.

ഷഹ്നയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ് ഇന്നലെയാണ് പ്രതിചേര്‍ത്തത്. ഇയാളെ നേരത്തേ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.

സംഭവത്തില്‍ ഡോക്ടര്‍ റുവൈസിനെ മെഡിക്കൽ കോളജിൽനിന്ന് സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.

ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത റുവൈസ് ഉയര്‍ന്ന സ്ത്രീധനം ചോദിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് വിവാഹത്തില്‍നിന്ന് ഒഴിഞ്ഞതെന്നും ഇതേതുടര്‍ന്ന് യുവതി മനോവിഷമത്തിലായിരുന്നെന്നും ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പില്‍, ”എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണമാണ്,” എന്നാണ് എഴുതിയിരുന്നതെന്ന് മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു.

Dr.Ruvise arrested in connection with the death of his girl friend Dr. Shahna

More Stories from this section

family-dental
witywide