രക്ഷ ഇനിയും അകലെ; ഇരുമ്പു കമ്പികളും സ്റ്റീല്‍ പാളികളും തടസ്സമായതോടെ ഡ്രില്ലിങ് വീണ്ടും നിര്‍ത്തിവെച്ചു

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. ഓഗര്‍ മെഷീന്റെ പ്രവര്‍ത്തനം വീണ്ടും നിര്‍ത്തി വെച്ച സാഹചര്യത്തിലാണ് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും വൈകുന്നത്. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയിലുള്ള ഇരുമ്പു കമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും ഡ്രില്ലിങ് മെഷീന്റെ ബ്ലെയ്ഡില്‍ തടസ്സം സൃഷ്ടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവെക്കേണ്ടി വന്നത്.

എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്നിട്ടും രക്ഷാപ്രവര്‍ത്തനം ഇന്നു പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് രക്ഷാപ്രവര്‍ത്തകരും തൊഴിലാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവരും. ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഡ്രില്ലിങ് ജോലികള്‍ ഇന്നലെ രാത്രി വൈകിയും നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇന്ന് വൈകീട്ട് മുതലാണ് വീണ്ടും ആരംഭിച്ചത്. പിന്നാലെയാണ് വീണ്ടും തടസ്സമുണ്ടായിരിക്കുന്നത്. ഇതോടെ ദൗത്യം ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

50 മീറ്ററോളം ദൂരമാണ് ഇതുവരെ തുരന്നത്. ഇനി വെറും അഞ്ച് മീറ്റര്‍ ദൂരം കൂടി മാത്രമാണ് ബാക്കിയുള്ളത്. അതിനിടയിലാണ് വീണ്ടും തടസ്സമുണ്ടായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളികളും മുറിച്ചു നീക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ രക്ഷാസംഘം. എങ്കില്‍ മാത്രമേ ഡ്രില്ലിങ് പുനരാരംഭിക്കാന്‍ സാധിക്കൂ. അതേസമയം ടണലില്‍ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide