രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന് ഇ.ഡി നോട്ടീസ്; പിസിസി അധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്ന കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് ഇഡിയുടെ സമന്‍സ്. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ടിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വെള്ളിയാഴ്ച ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഇഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1999 ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) ആക്ട് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ അടുത്തിടെ നടന്ന ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ടാണ് വൈഭവ് ഗെലോട്ടിന് സമന്‍സ് അയച്ചിരിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ നവംബര്‍ 25 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാക്കളെ ആകെ വളഞ്ഞിരിക്കുകയാണ് ഇഡി. രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊസ്താരയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി.

മുന്‍ വിദ്യാഭ്യാസമന്ത്രിയായ ദൊസ്താര, ലച്ച്മന്‍ഗാര്‍ഹ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. നിയമനപ്പരീക്ഷയിലെ ചോദ്യപ്പേര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ജയ്പൂര്‍, സിക്കാര, ദൗസ എന്നിവിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. പിസിസി പ്രസിഡന്റിനെ കൂടാതെ മഹുവ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഓം പ്രകാശ് ഹുഡ്ല അടക്കമുള്ള മറ്റു ചില നേതാക്കളുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെയാണു ഇഡി റെയ്ഡ്.

More Stories from this section

family-dental
witywide