സിജെ റോയിയുടെ മരണം; റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്, റെയ്ഡ് നടപടികള്‍ക്കെതിരെ നൽകിയ ഹര്‍ജി റോയ് രണ്ടു ദിവസത്തിനുശേഷം പിൻവ‍ലിച്ചു

ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആദായ നികുതി റെയ്ഡ് നടപടികള്‍ക്കെതിരെ നൽകിയ ഹര്‍ജി സിജെ റോയ് രണ്ടു ദിവസത്തിനുശേഷം പിൻവ‍ലിച്ചിരുന്നു. ഹര്‍ജി പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്. സിജെ റോയിയും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് കീഴിലെ എട്ടു കമ്പനികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, സിസംബര്‍ 18ന് തന്നെ ഹര്‍ജി പിൻവലിക്കാൻ അപേക്ഷ നൽകി. വിശദമായ വാദത്തിന് മുന്‍പേ ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ഹര്‍ജി പിൻവലിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു ഹര്‍ജി. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവിൽ റെയ്ഡിന് അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. റെയ്ഡിൽ രേഖകള്‍ പിടിച്ചെടുത്തത് അനികൃതമാണെന്നും ഹര്‍ജിയിൽ സിജെ റോയ് വാദിച്ചിരുന്നു. ഡിസംബര്‍ 16നാണ് കര്‍ണാടക ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.

അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. ഇൻകം ടാക്സ് പരിശോധനയിൽ പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുറിയിൽ പരിശോധന നടക്കുമ്പോൾ മറ്റൊരു മുറിയിൽ പോയി സ്വയം നിറയൊഴിക്കാൻ ആകുന്നതെങ്ങനെ എന്നും റോയിയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടൽ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.

അതേസമയം, ഇതിനിടയിൽ അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് പ്രത്യേക സംഘം. കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സി.ജെ. റോയ് ബെംഗളൂരുവിൽ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും.

കൊച്ചിയിൽ നിന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് ബെംഗളൂരു വിടരുത് എന്ന് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഫിഡന്‍റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും നീക്കമുണ്ട്. റോയിയുടെ ഫോൺവിളികളുടെ വിശദംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.