
തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും ശബരിമല തീർഥാടകർക്കായി എട്ട് വന്ദേഭാരത് സ്പെഷ്യൽ പ്രഖ്യാപിച്ചു. ഡിസംബർ 15,17, 22, 24 തീയതികളിൽ രാവിലെ 4.30ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ചെന്നൈ-കോട്ടയം വന്ദേഭാരത് സ്പെഷ്യൽ (06151) വൈകീട്ട് 4.15ന് കോട്ടയത്തെത്തും. 16,18, 23, 25 തീയതികളിൽ പുലർച്ച 4.40ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷ്യൽ (06152) അന്നേ ദിവസങ്ങളിൽ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും.
എട്ട് കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. എറണാകുളം നോർത്ത്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
അതേ സമയം, തിരക്കുള്ള ശബരിമല സീസണിൽ സാധാരണ സ്പെഷ്യൽ എക്സ്പ്രസുകൾക്കു പകരം ഉയർന്ന നിരക്കിലെ വന്ദേഭാരതുകൾ സ്പെഷ്യൽ ട്രെയിനുകളായി ഓടിക്കാനുള്ള തീരുമാനം വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഉയർന്ന നിരക്കായതിനാൽ സാധാരണക്കാർക്ക് ആശ്രയിക്കാനാകില്ലെന്നതാണ് കാരണം.
നേരത്തേ ദീപാവലി കാലത്തെ തിരക്ക് പരിഹരിക്കാൻ വന്ദേഭാരത് സ്പെഷ്യൽ സർവിസുകൾക്ക് റെയിൽവേ ആലോചിച്ചിരുന്നു. കര്‍ണാടക, തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് അന്ന് സ്പെഷ്യൽ സർവിസുകൾ പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് അതിൽ നിന്ന് റെയിൽവേ പിന്മാറി.