നിയമസഭാ കയ്യാങ്കളി കേസ്: വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റം നടന്നപ്പോള്‍ തങ്ങളതിനെ പ്രതിരോധിച്ചതാണെന്ന് ഇപി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ഏഴ് പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി മന്ത്രി വി.ശിവന്‍ കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമടക്കം ഏഴു പ്രതികളാണ് കോടതിയില്‍ ഹാജരായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്ന് നടത്തിയത് രാഷ്ട്രീയ പക പോക്കലാണെന്ന് കോടതിയില്‍ ഹാജരായ ശേഷം ഇ.പി.ജയരാജന്‍ പ്രതികരിച്ചു. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ ആ സര്‍ക്കാര്‍ നിരീക്ഷിച്ചില്ലെന്നും ഇപി വിമര്‍ശിച്ചു.

‘ഏക പക്ഷീയമായിട്ടാണ് ഈ കേസ് ഞങ്ങള്‍ക്കെതിരെ ചുമത്തിയത്. ഞങ്ങള്‍ ആരും അക്രമത്തിലേക്ക് പോയിരുന്നില്ല. നിയമസഭ നല്ല നിലയില്‍ നടത്തി കൊണ്ടുപോകേണ്ട സ്പീക്കര്‍ അത് ചെയ്തില്ല. പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാ കക്ഷി നേതാക്കളേയും വിളിച്ച് രമ്യമായ നിലപാട് സ്വീകരിക്കും. എന്നാല്‍ ഒരു നിലപാടും സ്വീകരിക്കാതെ സ്പീക്കര്‍ ഇറങ്ങിപ്പോയി. പരിഹാസപമായ നിലപാട് സ്പീക്കര്‍ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംഎല്‍എമാര്‍ ക്ഷുഭിതരായതെന്നും’ ഇപി ജയരാജന്‍ പറഞ്ഞു.

യുഡിഎഫ് തലേന്ന് രാത്രിയില്‍ തന്നെ ആയുധങ്ങളുമായി നിയമസഭയില്‍ കടന്നുകൂടിയിരുന്നു. സംഘടിതമായാണ് അവര്‍ ഞങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. ഞങ്ങളുടെ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ ഞങ്ങള്‍ നോക്കി നില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോ? വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റം നടന്നപ്പോള്‍ തീര്‍ച്ചയായും ഞങ്ങളതിനെ പ്രതിരോധിച്ചിട്ടുണ്ട്. സംരക്ഷണം നല്‍കേണ്ട സ്പീക്കര്‍ ഡയസ് വിട്ട് പോയെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

More Stories from this section

family-dental
witywide