
കൊച്ചി: മാര്‍പാപ്പയ്ക്കും തെറ്റുപറ്റാമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. സത്യം പറയുന്നവരെ വിമതര്‍ എന്ന് വിളിച്ച് അവഹേളിക്കരുത്. മാര്‍പാപ്പയെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം അധികാരപ്പെട്ടവര്‍ കാണിക്കണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതക്ക് ജനാഭിമുഖ കുര്‍ബാനയ്ക്കുള്ള അനുവാദം ലഭിക്കണമെന്നും കോട്ടയം രൂപതയ്ക്ക് ആരാധന ക്രമത്തില്‍ വേറിട്ട അനുവാദം കൊടുക്കാമെങ്കില്‍ ഇങ്ങനെയുമാകാമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത ശതാബ്ദിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുര്യന്‍ ജോസഫ്. അതേസമയം ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികളില്‍ നിന്ന് സഭയിലെ മെത്രാന്മാര്‍ വിട്ടുനിന്നു.
‘മാര്‍പാപ്പയെ നമ്മള്‍ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ആദരിക്കുകയും വേണം. പക്ഷേ മാര്‍പാപ്പയ്ക്കും തെറ്റുപറ്റാം. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മാര്‍പാപ്പയ്ക്ക് മുന്നില്‍ പറയാനുള്ള ആര്‍ജ്ജവം അധികാരപ്പെട്ടവര്‍ക്കുണ്ടാകണം. മാര്‍പാപ്പയെ സത്യം അറിയിക്കാന്‍ കഴിയണം. സത്യം അറിയുന്ന മാര്‍പാപ്പ അതിനെ തിരസ്‌കരിക്കില്ലെന്ന് ഉറപ്പുണ്ട്. സത്യാവസ്ഥ എന്തെന്ന് മാര്‍പാപ്പയെ അറിയിക്കാന്‍ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരിന് കഴിയട്ടെ. എന്നും ഒപ്പം നടക്കാന്‍ ആഗ്രഹിച്ചിട്ടുള്ള അതിരൂപതയാണ് എറണാകുളം. ഒപ്പം നടത്താന്‍ സഭയും തയ്യാറാകണം. നമ്മുടെ തെറ്റുകള്‍ നമ്മളും സഭയുടെ തെറ്റുകള്‍ സഭയും തിരുത്തണം. ഇപ്പോഴത്തെ പ്രശ്‌നം അതിരൂപതയിലെ ഏതാനും വൈദികരുടെയോ സന്ന്യസ്തരുടെയോ പ്രശ്‌നം മാത്രമല്ല. അതാണ് സഭാ അധികാരികള്‍ മറന്നുപോയത്.’ കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.












