രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കി, ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു: ന്യൂസ് ക്ലിക്കിനെതിരായ എഫ്ഐആര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. അനധികൃതഫണ്ടുകള്‍ സ്വീകരിച്ച് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ അംഗമായ നെവില്‍ റോയ് സിംഘമാണ് ഈ പണം ഇന്ത്യയിലൊഴുക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുരകയസ്ഥ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതായും എഫ്ഐആര്‍ പറയുന്നു.

ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ചൈനയില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് ധനസഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂസ്‌ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയതും ചീഫ് എഡിറ്ററായ പ്രബീര്‍ പുരകായസ്ഥയേയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ്‌ചെയ്തതും.

ചൈനയില്‍നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വ്യാപക പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും അറസ്റ്റിലായത്. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളില്‍നിന്ന് 38 ലക്ഷത്തോളം രൂപ ന്യസ്‌ക്ലിക്കിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്. ന്യൂസ്‌ക്ലിക്ക് അഞ്ച് വര്‍ഷത്തോളം നിയമവിരുദ്ധമായ ഫണ്ടുകള്‍ സ്വീകരിച്ചതായും കശ്മീരും അരുണാചലും തര്‍ക്കപ്രദേശം എന്ന് സ്ഥാപിക്കാന്‍ വാര്‍ത്തകളിലൂടെ ശ്രമിച്ചതായും എഫ്ആറില്‍ പറയുന്നു. അതേസമയം, എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിര്‍ പുരകയസ്ഥ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.

More Stories from this section

family-dental
witywide