
കൊച്ചി: പ്രശസ്ത ഫുഡ് വ്ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തൃപ്പൂണിത്തുറ മാടവനയിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുല്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ജീവനവസാനിപ്പിക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ രാഹുലിനുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കളും കുടുംബവും പറയുന്നു.
പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാതായപ്പോള്‍ രാഹുലിന്റെ സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തുകയായിരുന്നു. രാഹുലിന്റെ അച്ഛനോട് വിവരം അന്വേഷിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അകത്തു പോയി നോക്കിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ മകനെ കണ്ടത്. കഴിഞ്ഞ രാത്രി രാഹുല്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ മരണത്തോളെമെത്തിച്ച കാരണങ്ങള്‍ എന്താണെന്ന് ആര്‍ക്കുമറിയില്ല.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മാടവന ഉദയത്തുംവാതില്‍ കിഴിക്കേകിഴവന നാരാണന്‍ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ് മുപ്പത്തിമൂന്നുകാരനായ രാഹുല്‍. ശ്രീപ്രിയയാണ് ഭാര്യ. രണ്ടു വയസ്സുകാരന്‍ ഇഷിത് മകനാണ്. സഹോദരന്‍ രോഹിത് ദുബായിലാണ്. രാഹുലിന്റെ സംസ്‌കാരം ഇന്നു വൈകിട്ട് വീട്ടു വളപ്പില്‍നടത്തും.
‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്മയിലെ വിഡിയോകളിലൂടെ ഏവര്‍ക്കും സുപരിചിതനായിരുന്നു രാഹുല്‍. രാഹുലിന്റെ വിയോഗ വാര്‍ത്ത ‘ഈറ്റ് കൊച്ചി ഈറ്റ്’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കൊച്ചിയിലെ വിവിധ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന പ്രശസ്തമായ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്.
ഫേസ്ബുക്ക് ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി കൂടിയാണിത്. കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളര്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു. ഇന്നലെ രാവിലെയും രാഹുല്‍ ഫുഡ് വ്ലോഗ് ചെയ്തിരുന്നു. ഇടപ്പള്ളി ഗണപതി അമ്പലത്തില്‍ പോയി അവിടത്തെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ ഈറ്റ് കൊച്ചി ഈറ്റിലൂടെ പങ്കുവച്ചിരുന്നു.