കണ്ണൂർ: റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അമ്മ സി.എം.ഷെർളി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പരാതി നൽകി. റഷ്യയിൽ സ്മോളൻസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനത്തിൽ നാലാം വർഷ വിദ്യാർഥിയായിരുന്ന മുഴപ്പിലങ്ങാട് ദക്ഷിണ വീട്ടിൽ പ്രത്യുഷ (24) തടാകത്തിൽ വീണ് മരിച്ചെന്ന വിവരം ജൂൺ 24ന് ആണു ലഭിക്കുന്നത്.
തടാകം കാണാൻ പോയപ്പോൾ അബദ്ധത്തിൽ വീണെന്നാണു സഹപാഠികൾ നൽകിയ വിശദീകരണം. തടാകത്തിൽ വീണ 5 പേരിൽ 2 പേരെ രക്ഷപ്പെടുത്തിയെന്നും പ്രത്യുഷയടക്കം 3 പേർ മുങ്ങി മരിച്ചെന്നും അവർ അറിയിച്ചതായി ഷെർളി പറയുന്നു. കൊല്ലം സ്വദേശികളാണു മരിച്ച മറ്റു രണ്ടു പേർ.
തടാകം കാണാൻ പോകാതിരുന്ന പ്രത്യുഷയെ നിർബന്ധിച്ചാണു കൊണ്ടുപോയതെന്നും വരുന്നില്ല എന്നു പ്രത്യുഷ പറഞ്ഞതു കേട്ടതായും സഹപാഠി തന്നോടു പറഞ്ഞതായി ഷെർളിയുടെ പരാതിയിൽ പറയുന്നു. ‘വെള്ളത്തിൽ ഇറങ്ങാതെ നിന്ന പ്രത്യുഷയെ ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു. അതു തടാകമായിരുന്നില്ല. വിജനമായ സ്ഥലത്ത്, മണലെടുത്തതിനാൽ രൂപപ്പെട്ട കുഴിയായിരുന്നു.
സഹപാഠികളിൽ ചിലരുടെ അമിത മദ്യപാനം ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രത്യുഷ കോളജ് അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന്, സർവകലാശാലയിലെ രാജസ്ഥാൻ സ്വദേശിയായ ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ളവർ പ്രത്യുഷയെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സ്ഥാപനത്തിലെ 6 വിദ്യാർഥികൾ നേരത്തെ ഇതുപോലുള്ള അപകടങ്ങളിൽ പെട്ടു മരിച്ചിട്ടുണ്ട്’– ഷെർളിയുടെ പരാതിയിൽ പറയുന്നു.