മുഖത്തടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല, അഹങ്കാരം മാറ്റിവെക്കണം: ജി സുധാകരന്‍

ആലപ്പുഴ: മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് കൂടി സ്വീകാര്യരായില്ലെങ്കില്‍ നിയമസഭയില്‍ എങ്ങനെ ജയിക്കുമെന്നും അദ്ദേഹം ചോദിച്ചു. പൂയപ്പിള്ളി തങ്കപ്പന്‍ രചിച്ച ‘സരസകവി മുല്ലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ കവിതയിലെ പോരാട്ടവീര്യം’ പുസ്തക പ്രകാശനത്തിനിടയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

“അഞ്ചാറു പേര്‍ മാത്രം കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അങ്ങനെ പാര്‍ട്ടി വളരുമെന്നാണ് ചിലര്‍ കരുതുന്നത്. അത് തെറ്റാണ്. അറിയാവുന്നത് കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് സ്വീകാര്യരാവുന്നില്ലെങ്കില്‍ നിയമസഭയില്‍ എങ്ങനെ ജയിക്കും? മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്‌താല്‍ ജയിക്കാന്‍ പറ്റുമോ? കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കും. ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്” എന്നാണ് സുധാകരന്‍ പറഞ്ഞത്.

പഴയ കാര്യങ്ങളൊന്നും പറയരുതെന്നൊരു എം.എല്‍.എ. പറഞ്ഞു. പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ആള്‍ക്കാര്‍ക്ക് ഓര്‍മയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേള്‍ക്കണം. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാന്‍ വേണ്ടിയാണിത്. ഇതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ജീവിച്ചിരിക്കുന്നവര്‍ക്കാണ്.

രാജ്യത്ത് 12 ശതമാനം ആയിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ശതമാനമായി. കേരളത്തിൽ 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി ക്ഷമയോടെ നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും സുധാകരൻ പറഞ്ഞു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെ തകര്‍ത്ത് 20 വര്‍ഷക്കാലം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കൊടുക്കാതിരുന്നത് കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ആയിരുന്നില്ലെന്നും എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്‌കാരിക നായകന്മാരായി വിലസി നടന്നവരായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് എഴുത്തുകാര്‍ക്ക് റോയല്‍റ്റി നല്‍കാന്‍ താന്‍ പ്രത്യേക അക്കൗണ്ട്‌ തുറന്നപ്പോള്‍ അതിനെയും ചിലര്‍ വിമര്‍ശിച്ചെന്ന് അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide