
ഗാസ: ഗാസയില്‍ ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം പതിനായിരം കടന്നു. 4,104 കുട്ടികള്‍ ഉള്‍പ്പെടെ ആകെ മരണസംഖ്യ 10,022 ആണെന്നാണ് ആരോഗ്യ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മരണസംഖ്യ ഇതിലും ഉയരാമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന സൂചന.
ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,400 ആണ്. അതേസമയം, അഭയാര്‍ത്ഥി ക്യാംപുകളിലേക്കും ആശുപത്രികളിലേക്കും അടക്കം ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, സാധാരണക്കാരേയും കുട്ടികളേയും കൊല്ലുന്ന ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രയേലില്‍ നിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്. നേരത്തേ, ബൊളീവിയ, തുർക്കി, ബഹ്റൈൻ അടക്കം ചില രാജ്യങ്ങളും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു.
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പത് പലസ്തീനികള്‍ ഈജിപ്തിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി കടന്നുപോകാന്‍ കഴിഞ്ഞതായി ഈജിപ്ഷ്യന്‍ റഫാ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണക്കുകള്‍ പ്രകാരം, ചികിത്സയ്ക്കായി ഈജിപ്തിലേക്ക് മാറ്റിയ പലസ്തീനികളുടെ ആകെ എണ്ണം 93 ആയി. കഴിഞ്ഞ ദിവസം റഫാ അതിർത്തിയിലേക്ക് രോഗികളുമായ പോയ ആംബുലൻസ് വ്യൂഹത്തിനു നേരെ ഇസ്രയേൽ ബോംബിട്ടതിനെ തുടർന്ന് 15 പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ യൂറോപ്യൻ യൂണിയൻ 108 മില്യൻ യൂറോയുടെ സാമ്പത്തിക സഹായം ഗാസയ്ക്കായി പ്രഖ്യാപിച്ചു. ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് താൽകാലിക വെടിനിർത്തൽ വേണമെന്നും യുറോപ്യൻകമ്മിഷൻ പ്രസിഡൻ്റ് ഉർസുല വാൻഡർ ലെയ്ൻ ആവശ്യപ്പെട്ടു. എന്നാൽ സാധാരണക്കാരായ ജനങ്ങളെ മറയാക്കി ഹമാസ് നടത്തുന്ന ഒളിയുദ്ധം നീചമാണെന്നും അത് സാധാരണക്കാരുടെ ജീവിതത്തെ ഇല്ലാതാക്കുമെന്നും അവർ കുറ്റപ്പെടുത്തി.
Gaza death toll crosses 10000














