
ആഭരണ പ്രേമികള്‍ക്കും വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കായി സ്വര്‍ണ്ണമെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും വന്‍ തിരിച്ചടി നല്‍കി സ്വര്‍ണ്ണ വില കുതിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഇന്ന് നാല്‍പ്പത്തിഅയ്യായിരത്തിന് മുകളിലാണ്. 45120 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 5,640 രൂപ. ഇന്ന് സ്വര്‍ണ്ണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഒക്ടോബര്‍ അഞ്ചാം തീയ്യതി ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയുമായിരുന്നു. ഒക്ടോബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്. എന്നാല്‍ പന്ത്രണ്ടാം തീയതിയായപ്പോഴേക്കും ആ നിരക്ക് 43000ന് മുകളിലെത്തി. ശനിയാഴ്ച പവന് 1,120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ്ണ വില 44,320ലേക്കെത്തി. പിന്നീടങ്ങോട്ട് വീണ്ടും വില വര്‍ധിച്ചുകൊണ്ടിരുന്നു. ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി 42080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയെങ്കില്‍ ഒക്ടോബര്‍ 21 ആയപ്പോഴേക്കും പവന് 45280 രൂപയായി.
സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനവ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അന്ന് പവന് 1120 രൂപയാണ് വര്‍ധിച്ചത്. മെയ് 5 നാണു മുന്‍പ് സ്വര്‍ണവില സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നവംബര്‍ പകുതിയോടെ സ്വര്‍ണവില ഗ്രാമിന് 7000 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. നിലവിലെ വിപണി വിലയില്‍ നിന്ന് ഏകദേശം 5000 രൂപ വര്‍ധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വര്‍ധനവാണുണ്ടാകുക.
ഇസ്രായേല്‍- ഹമാസ് യുദ്ധം സ്വര്‍ണ്ണവില വര്‍ധിക്കാന്‍ ഒരു കാരണമായിട്ടുണ്ട്. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങല്‍) അനുകൂലമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. യുദ്ധം, യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള പ്രതികൂലാവസ്ഥ, സെന്‍ട്രല്‍ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കല്‍ ഡിമാന്‍ഡ് വര്‍ധന എന്നിവയെല്ലാം സ്വര്‍ണ വിലയില്‍ വര്‍ധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേല-ഹമാസ് യുദ്ധം നടക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം.
ഏറ്റവും സുരക്ഷിതവും എളുപ്പവുമായ നിക്ഷേപ മാര്‍ഗ്ഗമാണ് സ്വര്‍ണ്ണം. ഡിജിറ്റലായി നിക്ഷേപം സൂക്ഷിക്കുമ്പോളുണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങളൊന്നും തന്നെ സ്വര്‍ണ്ണത്തിനില്ല. വളരെ വേഗത്തില്‍ പണമാക്കാന്‍ കഴിയും എന്ന ഗുണവും സ്വര്‍ണ്ണത്തിനുണ്ട്. നവംബര്‍ മാസത്തോടെ സ്വര്‍ണ വില പവന് 49000 തൊടുമെന്ന പ്രവചനം യാഥാര്‍ത്യമാകുമോയെന്ന ആശങ്ക ശക്തിപ്പെടുത്തിക്കൊണ്ടാണ് സമീപ ദിവസങ്ങളിലെ കുതിപ്പ്. ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കും.