
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിഹാര്‍ സ്വദേശിയായ അങ്കിത് വീരേന്ദ്രകുമാര്‍ സിങ് (36) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ദീപാവലിക്ക് നാട്ടിലേക്ക് പോകാനായി അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ സൂറത്ത് റെയില്‍വേ സ്‌റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ കൂട്ടത്തോടെ സൂറത്ത്-ബാഗല്‍പുര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിച്ചതാണ് തിക്കുംതിരക്കും അനുഭവപ്പെടാന്‍ കാരണം.
അങ്കിത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തളര്‍ന്നുവീണ ചിലര്‍ക്ക് റെയില്‍വേ പോലീസ് പ്രാഥമിക ചികിത്സ നല്‍കി. ശ്വാസതടസ്സം അനുഭവപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്ര റെയില്‍വേ സഹമന്ത്രിയും സൂറത്ത് എം.പിയുമായ ദര്‍ശന ജര്‍ദോഷ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.