ഇസ്രയേലിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു, അമേരിക്കക്കും ബ്രിട്ടനുമുള്ള മുന്നറിയിപ്പെന്ന് പ്രതികരണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തിൽ റെയില്‍വേ സ്റ്റേഷന് തീപിടിച്ചതായി റിപ്പോർട്ട്. റെയിൽവേ സ്റ്റേഷന്‍റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചെന്നും ആളപായമില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹൂതികളുടെ മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ വലിയ അപകടം ഒഴിവായെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറണ്‍ കേട്ടതിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്ക് നിസാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.

ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്ന് ഹൂതി വക്താവ് നസറുദീന്‍ അമേര്‍ പ്രതികരിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം. അമേരിക്കയും ബ്രിട്ടനുമടക്കം ഇസ്രയേലിനെ സഹായിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്നും ഹൂതി നേതാക്കൾ പറഞ്ഞു.