ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ 14 വര്‍ഷത്തിന് ശേഷം ഇവരെ എങ്ങനെ മോചിപ്പിക്കുമെന്ന് കോടതി ചോദിച്ചു.
കേസിലെ 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബി.വി നഗരത്‌ന, ജസ്റ്റിസ് ഉജ്ജാല്‍ ബുയാന്‍ എന്നിവരാണ് ഹർജി പരിഗണിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികള്‍ക്കായി ജയിൽ ഉപദേശക സമിതി രൂപീകരിക്കാൻ ഉത്തരവിട്ടതെന്ന് സംസ്ഥാന സർക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.
‘‘പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് 14 വർഷം തടവുശിക്ഷ അനുഭവിച്ച ഇവരെ മോചിപ്പിക്കാൻ സാധിക്കുന്നത്? എന്തുകൊണ്ടാണ് മറ്റു തടവുകാർക്കു മോചന ഇളവ് അനുവദിക്കാത്തത്? എന്തുകൊണ്ടാണ് ഈ കേസിലെ കുറ്റവാളികൾക്കു മാത്രം ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്?’’ സുപ്രീം കോടതി ചോദിച്ചു.
‘‘14 വർഷത്തിനു ശേഷം കുറ്റവാളികളെ വിട്ടയയ്ക്കുന്നതിലൂടെ കുറ്റവാളികൾക്കു സ്വയം മാറാനുള്ള അവസരം നൽകുന്നുണ്ട്. മറ്റു തടവുകാർക്ക് ഇത് എത്രത്തോളം ബാധകമാണ്? തിരഞ്ഞെടുത്ത കുറ്റവാളികൾക്കു മാത്രമായി ഈ നിയമത്തിന്റെ ആനുകൂല്യം എന്തുകൊണ്ടാണ് ലഭിക്കുന്നത്? ആത്മപരിഷ്കരണത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം. ഇത് നടപ്പാക്കപ്പെടുന്നുണ്ടോ? എന്തുകൊണ്ടാണ് നമ്മുടെ ജയിലുകൾ നിറഞ്ഞു കവിയുന്നത്? അതിന്റെ വിശദാംശങ്ങൾ ലഭിക്കണം.’’ കോടതി വ്യക്തമാക്കി.