H-1B വിസ പൈലറ്റ് പ്രോഗ്രാം: ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രം അവസരവുമായി യുഎസ്

ന്യൂയോർക്ക്: രാജ്യത്തിനകത്ത് യോഗ്യതയുള്ള H-1B നോൺ-ഇമിഗ്രന്റ് വിസ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമുമായി യുഎസ്. ഇതിനായുള്ള യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരിയിലാണ് പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നത്. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിൽ 20,000 ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

അപേക്ഷാ തിയതി

2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ എച്ച്-1ബി പൈലറ്റ് പ്രോഗ്രാമിനുള്ള അപേക്ഷകൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിക്കും. യോഗ്യതയുള്ളവർക്ക് മൂന്ന് മാസത്തെ അപേക്ഷാ വിൻഡോയിൽ ഓൺലൈനായി അപേക്ഷിക്കാം. രേഖാമൂലമുള്ള അഭിപ്രായങ്ങളും അനുബന്ധ സാമഗ്രികളും സമർപ്പിക്കുന്നതിന് 2024 ഏപ്രിൽ 15 അർദ്ധരാത്രി വരെ ഡിപ്പാർട്ട്മെന്റ് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

H-1B വിസ പുതുക്കുന്നതിനായി ഓരോ ആഴ്ചയും ഏകദേശം 4,000 അപേക്ഷാ സ്ലോട്ടുകൾ ഓപ്പൺ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 29, ഫെബ്രുവരി 5, ഫെബ്രുവരി 12, ഫെബ്രുവരി 19, ഫെബ്രുവരി 26 എന്നീ തിയതികളിൽ ഈ സ്ലോട്ടുകൾ ലഭ്യമാകും.

അപേക്ഷകരുടെ യോഗ്യത

  1. പൈലറ്റ് ഘട്ടത്തിൽ H-1B വിസ പുതുക്കലുകൾ മാത്രമേ നടത്തൂ; മറ്റ് വിസകൾ ഉൾപ്പെടുത്തിയിട്ടില്ല.
  2. പുതുക്കേണ്ട H-1B വിസ 2020 ജനുവരി 1 നും 2023 ഏപ്രിൽ 1 നും ഇടയിൽ മിഷൻ കാനഡയോ 2021 ഫെബ്രുവരി 1 മുതൽ 2021 സെപ്റ്റംബർ 30 വരെ മിഷൻ ഇന്ത്യയോ നൽകിയതായിരിക്കണം.
  3. വ്യക്തിഗത അഭിമുഖത്തിൽ നിന്ന് ഒഴിവാക്കാനുള്ള യോഗ്യത ആവശ്യമാണ്.
  4. കഴിഞ്ഞ വീസ അപേക്ഷയ്ക്കായി മുൻപ് തന്നെ അപേക്ഷകർ പത്ത് വിരലടയാളങ്ങളും ബന്ധപ്പെട്ട വകുപ്പിൽ സമർപ്പിച്ചിരിക്കണം.
  5. അപേക്ഷകർ നോൺ-ഇമിഗ്രന്റ് വീസ ഇഷ്യൂവൻസ് ഫീസിന് വിധേയരാകരുത്.
  6. അപേക്ഷകർക്ക് അംഗീകൃതവും കാലഹരണപ്പെടാത്തതുമായ എച്ച്-1ബി വീസ ഉണ്ടായിരിക്കണം.
  7. അപേക്ഷകർ നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എച്ച്-1ബി സ്റ്റാറ്റസ് നിലനിർത്തിയിരിക്കണം.

അപേക്ഷിക്കേണ്ട രീതി

അപേക്ഷകൾ https://travel.state.gov/content/travel/en/us-visas/employment/domestic-renewal.html എന്ന ലിങ്ക് മുഖനേ സമ്മർപ്പിക്കാം. ഹോം പേജിൽ നിന്ന് ‘1400-AF79’ എന്നതിനായി തിരയുന്നതിലൂടെ വീസ സംബന്ധമായ ഒരു സംഗ്രഹം ലഭിക്കും. www.regulations.gov-ലും ഇത് ലഭ്യമാണ്.

അപേക്ഷകർക്ക് ഈ മേൽവിലാസത്തിലും അപേക്ഷിക്കാം – Jami Thompson, Senior Regulatory Coordinator, Visa Services, Bureau of Consular Affairs, Department of State; email: VisaRegs@state.gov

More Stories from this section

family-dental
witywide