വിദ്വേഷ പ്രസംഗം അംഗീകരിക്കാനാകില്ല; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിദ്വേഷ പ്രസംഗ കേസുകൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. സമുദായങ്ങൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

രാജ്യത്തുടനീളം നടക്കുന്ന റാലികളിൽ ഒരു സമുദായത്തിലെ അംഗങ്ങളെ കൊലപ്പെടുത്താനും സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്ന “നഗ്നമായ വിദ്വേഷ പ്രസംഗങ്ങൾ” തടയാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് അഭ്യർഥിച്ച് മാധ്യമപ്രവർത്തകൻ ഷഹീൻ അബ്ദുള്ള സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഹരിയാനയിൽ കഴിഞ്ഞയാഴ്ച വർഗീയ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.“സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദ്ദവും ഉണ്ടാകണം. എല്ലാ സമുദായങ്ങളും ഉത്തരവാദികളാണ്. വിദ്വേഷ പ്രസംഗം ഒട്ടും നല്ലതല്ല, ആർക്കും അത് അംഗീകരിക്കാൻ കഴിയില്ല,” സുപ്രീം കോടതി പറഞ്ഞു.സമിതിയെ കുറിച്ച് ഓഗസ്റ്റ് 18നകം മറുപടി നൽകണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് കോടതി നിർദ്ദേശിച്ചു.

ഒരു സമുദായത്തിനെതിരെയും വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് സംസ്ഥാന സർക്കാരുകളും പൊലീസും ഉറപ്പാക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നു.

വിവിധ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന വിദ്വേഷ പ്രസംഗ പരാതികൾ പരിശോധിക്കുന്ന സമിതി രൂപീകരിക്കാൻ പൊലീസ് മേധാവിയോട് സുപ്രീം കോടതി ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു.

More Stories from this section

family-dental
witywide