‘അവര്‍ വളരെയധികം ചോദ്യങ്ങള്‍ ചോദിക്കുന്നു’; പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷനില്‍ ഹേമമാലിനിയുടെ പ്രതികരണം

ന്യൂഡല്‍ഹി: നൂറിലധികം പാര്‍ലമെന്റംഗങ്ങളെ പ്രതിപക്ഷ പാളയത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹേമമാലിന് പറഞ്ഞ മറുപടി അവര്‍ വളരെയധികം ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ്. മാത്രമല്ല, പ്രതിപക്ഷം വിചിത്രമായി പെരുമാറുന്നുവെന്നും മോദി സര്‍ക്കാരിനെ പിഴുതെറിയുകയാണ് പ്രതിപക്ഷത്തിന്റെ ഏക ലക്ഷ്യമെന്നും പ്രതികരിച്ചു.

ലോക്സഭയില്‍ മഥുരയെ പ്രതിനിധീകരിക്കുന്ന നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് ബി.ജെ.പി എം.പിയായ ഹേമമാലിനി.

സസ്പെന്‍ഷന്‍കൊണ്ട് അര്‍ത്ഥമാക്കുന്നത് അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തു എന്നാണെന്നും രണ്ട് തവണ എംപിയായ ഹേമമാലിനി നടപടിയെ ന്യായീകരിച്ച് സംസാരിച്ചു.

കോണ്‍ഗ്രസും പ്രമുഖ പ്രാദേശിക പാര്‍ട്ടികളും അടങ്ങുന്ന പ്രധാന പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ ഇന്നലത്തെ യോഗത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.

ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നുമുള്ള 141 എംപിമാരെ ശീതകാല സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് എം.പിയുടെ പരാമര്‍ശം.

കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വേണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ നടന്ന ബഹളത്തെ തുടര്‍ന്നാണ് എംപിമാര്‍ നടപടി നേരിട്ടത്. 141 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഈ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം.