
വാഷിംഗ്ടണ്‍: ടിഎച്ച്‌സി കലര്‍ന്ന മിഠായികള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നതിനാല്‍ അമേരിക്കയില്‍ ഇതിന്റെ ഇരകളായി കുട്ടികളും മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടി.എച്ച്.സികള്‍ കലര്‍ന്ന മിഠായികള്‍ കടകളില്‍ ഉടനീളം വില്‍ക്കുന്നുവെന്നും ഇത് ആളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്നതും ഇതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു.
കീമോതെറാപ്പി മൂലമുണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി എന്നിവ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും വിശപ്പ് ഉത്തേജിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ഔഷധ സംയുക്തമാണ് ഡെല്‍റ്റ-9-ടെട്രാഹൈഡ്രോകണ്ണാബിനോള്‍ അഥവാ ടി.എച്ച്.സി.
വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 മുതല്‍ പീഡിയാട്രിക് ഹെംപ് വിഷബാധ കേസുകളുടെ എണ്ണം മൂന്നിരട്ടിയായി. 15 വയസ്സുള്ള മകള്‍ക്ക് അബദ്ധവശാല്‍ ടി.എച്ച്.സി മിഠായി കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ അടിയന്തര ചികിത്സ ആവശ്യമായി വന്നതില്‍ കെന്റക്കിയിലെ അമ്മ ജെസീക്ക ഹാരിസ് ആശങ്ക പ്രകടിപ്പിച്ചു. സ്‌കൂളുകളിലെ ഈ കുട്ടികള്‍ക്കെല്ലാം മിഠായി വളരെ സുലഭമാണെന്നും ജെസീക്ക പറയുന്നു.
പലരും സാധാരണ മിഠായി എന്ന നിലയിലാണ് കുട്ടികള്‍ക്ക് മിഠായികള്‍ വാങ്ങി നല്‍കുന്നത്. എന്നാല്‍ അവയില്‍ അടങ്ങിയിരിക്കുന്ന ടി.എച്ച്.സിയെക്കുറിച്ച് പലര്‍ക്കും ധാരണയില്ല എന്നതും വാസ്തവം.
കഞ്ചാവ് ചെടികളില്‍ കാണപ്പെടുന്ന സൈക്കോ ആക്റ്റീവ് ഘടകമായ ടിഎച്ച്‌സി ഫെഡറല്‍ നിയമവിരുദ്ധമാണെങ്കിലും, 2018 ല്‍ കോണ്‍ഗ്രസ് ഇതിന്റെ ഉപയോഗം നിയമവിധേയമാക്കിയതിനുശേഷം അമേരിക്കയിലുടനീളം ഉപയോഗം വ്യാപകമായി വര്‍ദ്ധിച്ചു. പരമ്പരാഗത കഞ്ചാവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുമിഠായികളില്‍ ടിഎച്ച്‌സിയുടെ അളവ് വളരെ കുറവാണ്. എന്നിരുന്നാലും കൂടുതല്‍ കഴിക്കുമ്പോള്‍ കുട്ടികളെ ഇത് ബാധിക്കും.















