
കൊല്‍ക്കത്ത: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക താൽപ്പര്യങ്ങൾ നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ട് മിനിട്ടിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം ലൈംഗിക ആവശ്യങ്ങളെ കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ നിയന്ത്രിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.
സമപ്രായത്തിലുള്ള ആൺകുട്ടികള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും മാനിക്കണം. സ്ത്രീത്വത്തിന്റെ അന്തസും ശരീര സ്വാതന്ത്ര്യവും മാനിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട സംഭവത്തിലാണ് പോക്‌സോ നിയമ പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തിയത്.
പതിനാറ് വയസ് പൂര്‍ത്തിയായ കൗമാരക്കാരെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് പുറത്തെത്തിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചു. പതിനാറ് വയസ് പൂര്‍ത്തിയായ ശേഷം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കണക്കാക്കരുതെന്നുമാണ് കോടതിയുടെ നിരീക്ഷണം. കൗമാരപ്രായക്കാരുടെ അവകാശങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ലൈംഗിക വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കൗമാര പ്രായക്കാരിലെ ലൈംഗിക ബന്ധങ്ങളുടെ നിയമപരമായ സങ്കീര്‍ണ്ണതകളില്‍ നിന്ന് പുറത്തുവരാന്‍ ഇത്തരം അവബോധം അനിവാര്യമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ചിത്തരഞ്ജന്‍ ദാഷ്, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.