സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായത് അവമതിപ്പുണ്ടാക്കി, നടപടിയെടുത്ത് സർക്കാർ; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതിയായ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ നടപടിയെടുത്ത് സർക്കാർ. സ്കൂളിലെ പ്രധാന അധ്യാപകനെ സസ്പെൻഡ‍് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പടിഞ്ഞാറേക്കോട്ട ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടി എസ് പ്രദീപ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിവാദം സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും അവമതിപ്പ് ഉണ്ടാക്കിയെന്നും അത്തരം സാഹചര്യം ഉണ്ടായതില്‍ പ്രദീപ് കുമാറിനു ജാഗ്രതക്കുറവുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രധാന അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് ഫോര്‍ട്ട് ഹൈസ്‌കൂള്‍ മാനേജര്‍ പി ജ്യോതീന്ദ്രകുമാര്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ പ്രധാനാധ്യാപകന്‍ വിദ്യാഭ്യാസമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.സ്‌കൂളിലെ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കുന്ന ഒരു സന്നദ്ധസംഘടനയാണ് വിവാദവ്യക്തിയെ ചടങ്ങിലേക്കു കൊണ്ടുവന്നതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. സഹസംഘാടകരായ ജെസിഐ പിന്നീട് മാപ്പു പറഞ്ഞ് കത്തു നല്‍കുകയും ചെയ്തു.

More Stories from this section

family-dental
witywide