സവാള വില പിടിച്ചുകെട്ടാൻ കേന്ദ്രം; ഇന്നു മുതൽ കിലോയ്ക്ക് 25 രൂപ

ന്യൂഡൽഹി: സവാള വില പിടിച്ചുകെട്ടാൻ നടപടിയുമായി കേന്ദ്ര സർക്കാർ. കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി തിങ്കളാഴ്ച മുതൽ വിൽപന നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണു തീരുമാനം.

സവാളയുടെ ബഫർ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണിൽനിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയർത്തിയിരുന്നു. ഒക്ടോബറിലെ വിളവെടുപ്പു വരെ സവാള വില പിടിച്ചു നിർത്താനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ബഫർസ്റ്റോക്കിലുള്ള സവാള തിങ്കളാഴ്ച മുതൽ എൻസിസിഎഫിന്റെ ഔട്ട്‌ലെറ്റുകൾ വഴി ചില്ലറ ഉപഭോക്താക്കളിലേക്ക് എത്തിക്കും.

സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിൽ ക്രമാനുഗതമായ വർധനയുണ്ടെന്ന റിസർവ് ബാങ്ക് ലേഖനം (ബുള്ളറ്റിൻ) പുറത്തുവന്നതിനെ തുടർന്നാണു സവാള കയറ്റുമതിക്ക് സർക്കാർ 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്.

കടുത്ത വേനൽ മൂലം ഇപ്പോൾ സവാളയുടെ വിളവ് കുറവാണ്. ഇതാണു വിലക്കയറ്റത്തിനു കാരണം. ജൂലൈയിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 15 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനമായിരുന്നു. പച്ചക്കറി വിലയിലുണ്ടായ വർധനയാണു കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്.

More Stories from this section

family-dental
witywide