ചൈനയുടെ ഭൂപടത്തിൽ അരുണാചൽ പ്രദേശും അക്സായി ചിൻ മേഖലയും; പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നയതന്ത്ര ചാനൽ വഴി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്താനിരിക്കെയാണ് രാജ്യത്തിന്‍റെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടമിറക്കി ചൈനയുടെ നടപടി.

“ഇന്ത്യയുടെ പ്രദേശത്ത് അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ 2023 സ്റ്റാൻഡേർഡ് ഭൂപടത്തിനെതിരെ നയതന്ത്ര ചാനൽ വഴി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ അവകാശവാദങ്ങൾക്ക് അടിസ്ഥാനമില്ലാത്തതിനാൽ ഞങ്ങൾ നിരസിക്കുന്നു. ചൈനയുടെ ഇത്തരം നടപടികൾ അതിർത്തി പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ,” പത്രക്കുറിപ്പിൽ പറയുന്നു.

ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌‍സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലില്‍ ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തിരുന്നു.