
ഗുവാഹത്തി: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം നെതര്‍ലന്‍ഡ്‌സിനെതിരെയാണ്.
രണ്ടു മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം മണിക്കൂറുകൾ പിന്നിട്ടിട്ടും ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുവാഹത്തിയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ട ആസ്ട്രേലിയ– നെതർലൻഡ്സ് മത്സരവും മഴ കാരണം വൈകിയിരുന്നു.
ലോകകപ്പിനു മുന്നോടിയായി രണ്ട് സന്നാഹ മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നെതർലൻഡ്സിനെതിരെ മൂന്നാം തീയതി തിരുവനന്തപുരത്താണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേസമയം, ഒക്റ്റോബർ രണ്ടിന് ബംഗ്ലാദേശുമായാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ സന്നാഹ മത്സരം. അതും ഗുവാഹത്തിയിലാണ് നടക്കുക.