ശ്രീലങ്കയെ തളച്ച് സൂര്യയുടെ ക്യാപ്റ്റൻസി; അവസാന ടി20യിൽ ഇന്ത്യക്ക് സൂപ്പർ ജയം

പല്ലെകെലെ: മൂന്നാം ടി20 ശ്രീലങ്കയെ പരാജയപ്പെടുത്തി, പരമ്പര തൂത്തുവാരി ഇന്ത്യ. ടോസ് നേടിയ ലങ്കൻ ടീം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 138 റണ്‍സ് വിജയലക്ഷ്യമാണ് ടീം ഇന്ത്യ മുന്നോട്ടുവച്ചത്. ശുഭ്മാന്‍ ഗില്‍ (39) റിയാന്‍ പരാഗ് (26) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോറിനൊപ്പെത്തി. കുശാല്‍ പെരേര (46), കുശാല്‍ മെന്‍ഡിസ് (43) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഒപ്പമെത്തിച്ചത്. പിന്നീട് സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിനെത്തിയ ലങ്ക രണ്ടു റണ്‍സിന് പുറത്തായി. മൂന്ന് റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ പന്ത് തന്നെ സൂര്യകുമാര്‍ യാദവ് ഫോര്‍ ലൈനിലേക്ക് പായിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇനി മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പര ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും.

നാല് പന്തുകള്‍ നേരിട്ട മലയാളി താരം സഞ്ജു സാംസൺ റണ്‍സെടുക്കാതെ പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ മൂന്നുവിക്കറ്റും വനേന്ദു ഹസരങ്കെ രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ സൂര്യകുമാര്‍ യാദവും രവി ബിഷ്ണോയിയും റിങ്കു സിംഗും രണ്ട് വിക്കറ്റ് വീതം നേടി. സൂപ്പര്‍ ഓവറിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് കളിയിലെ താരം. ഇന്ത്യന്‍ നായകന്‍ സുര്യകുമാര്‍ യാദവാണ് പരമ്പരയിലെ താരം