
ബംഗലൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്. ഏകദിന ലോകകപ്പ് ക്രിക്കറ്റിൻ്റെ ആദ്യ റൌണ്ടിൽ തുടർച്ചയായ ഒമ്പതാം മത്സരവും ജയിച്ച് ഇന്ത്യ സെമി പോരാട്ടത്തിന്. ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ തുടർച്ചയായി 9 മത്സരങ്ങൾ വിജയിക്കുന്നത്. ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ നെതർലൻഡ്‌സിനെ 160 റൺസിനാണ് ഇന്ത്യ മറികടന്നത്. സ്കോർ – ഇന്ത്യ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 410. നെതർലൻഡ്‌സിന് 47.5 ഓവറിൽ 250 റൺസ് മാത്രമാണ് നേടാനായത്. ശ്രേയസ് അയ്യരും 128 (94) കെ എൽ രാഹുലും 102 (64) സെഞ്ചുറിയുമായി മത്സരത്തിൽ നിറഞ്ഞാടി. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്. ഈ ലോകകപ്പിൽ ശ്രേയസിന്റെ ആദ്യത്തെയും രാഹുലിന്റെ രണ്ടാമത്തെയും സെഞ്ചുറിയാണിത്.
ബുംറയും സിറാജും കുൽദീപും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴത്തി. മൂന്ന് ഓവർ എറിഞ്ഞ കോലിയും അഞ്ച് പന്തെറിഞ്ഞ രോഹിത് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതീക്ഷിച്ചപോലെ തന്നെയായിരുന്നു ഇന്ന് കാര്യങ്ങൾ. ഓപ്പണർമാരായ രോഹിത് ശർമ്മയും 61 (54) ശുഭ്‌മൻ ഗില്ലും 51 (34) മികച്ച തുടക്കം നൽകിയ ഇന്നിങ്സ് മധ്യനിര ഭംഗിയായി മുതലാക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് 100 റൺസ് തികച്ചതിന് ശേഷമാണ് ഗിൽ പുറത്തായത്. പിന്നാലെയെത്തിയ വിരാട് കോലി സ്‌കോറിങ് വേഗം കുറച്ചെങ്കിലും അർധസെഞ്ചുറി നേടി 51 (56). റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹിത് ശർമ്മ പുറത്തായി. ശേഷം എത്തിയ ശ്രേയസ് അയ്യർ റൺറേറ്റ് വീണ്ടും ഉയർത്തി. ടീം സ്‌കോർ 200 ൽ നിൽക്കേ കോലി പുറത്തായി. പിന്നീട് എത്തിയ രാഹുലും ശ്രേയസും ചേർന്ന് 208 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 49 ആം ഓവറിൽ ടീം സ്‌കോർ 408 ൽ നിൽക്കെയാണ് രാഹുൽ പുറത്തായത്.
94 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 128 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസാണ് ടോപ്‌സ്‌കോറര്‍. ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച ഇന്ത്യ 15-ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും.
India vs Netherlands ODI India won by106 runs