യാത്രക്കാർക്ക് തിരിച്ചടി: ബ്രിട്ടീഷ് എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനങ്ങൾ റദ്ദാക്കി; ഇന്ധനവില വർധനയും വെല്ലുവിളിയാകുന്നു

ലണ്ടൻ: ആഗോള സാഹചര്യങ്ങളും ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നു. പ്രമുഖ വിമാനക്കമ്പനികൾ ഈ മേഖലയിലേക്കുള്ള സർവീസുകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

മേഖലയിലെ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രമുഖ വിമാന കമ്പനിയായ ബ്രിട്ടീഷ് എയർവേയ്‌സ് അമ്മാൻ, ബഹ്റൈൻ, ദോഹ, ദുബായ്, അബുദാബി, ടെൽ അവീവ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. ദുബായ്, ബഹ്റൈൻ, അമ്മാൻ, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മേയ് 31 വരെയും, ദോഹയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെയുമാണ് റദ്ദാക്കിയത്. അബുദാബിയിലേക്കുള്ള വിമാനങ്ങൾ 2026 അവസാനം വരെ നിർത്തിവെക്കാൻ കഴിഞ്ഞ ആഴ്ച എടുത്ത തീരുമാനത്തിന് പിന്നാലെയാണിത്.

“മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതാവസ്ഥയും ആകാശപാതയിലെ അസ്ഥിരതയും കാരണം വിമാന സർവീസുകളിൽ വരുത്തിയ കുറവ് നീട്ടാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു,” എന്ന് ബ്രിട്ടീഷ് എയർവേസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രകൾ തടസ്സപ്പെട്ട ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുമെന്നും അവർക്ക് പകരം സംവിധാനങ്ങൾ ഒരുക്കുമെന്നും എയർലൈൻ വ്യക്തമാക്കി.

യാത്രക്കാരെ സഹായിക്കുന്നതിനായി ലണ്ടൻ – സിംഗപ്പൂർ, ലണ്ടൻ – ബാങ്കോക്ക് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

പരിമിതമായ സർവീസുകളുമായി ഖത്തർ എയർവേയ്‌സും എമിറേറ്റ്‌സും

ഖത്തർ എയർവേയ്‌സ് മാർച്ച് 18 മുതൽ 28 വരെ പരിമിതമായ സർവീസുകൾ മാത്രമേ നടത്തുകയുള്ളൂ. വ്യോമപാതയിലെ സുരക്ഷയും അനുമതികളും പരിഗണിച്ച് ഇതിൽ മാറ്റം വന്നേക്കാം. എമിറേറ്റ്‌സ് തങ്ങളുടെ വിമാനങ്ങളുടെ എണ്ണം കുറച്ചതായും, ഏപ്രിൽ 15 വരെ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ടിക്കറ്റുകൾ മാറ്റാൻ അവസരം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ഇളവുകളുമായി ക്വാന്റാസ്

യുഎഇ, ഖത്തർ, ഇസ്രായേൽ, ജോർദാൻ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് ഏപ്രിൽ 15 വരെ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ടിക്കറ്റുകളിൽ മാറ്റം വരുത്താൻ ക്വാന്റാസ് എയർവേയ്‌സ് സൗകര്യം നൽകുന്നുണ്ട്.

ടിക്കറ്റ് നിരക്കുകൾ കുതിക്കുന്നു

യുദ്ധം കാരണം എണ്ണവിലയിലും വിമാന ഇന്ധനവിലയിലും ഉണ്ടായ വലിയ വർദ്ധനവ് യാത്രാ ചിലവിനെ ബാധിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ക്വാന്റാസ്, എയർ ന്യൂസിലാൻഡ്, തായ് എയർവേയ്‌സ് തുടങ്ങിയ കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതായി സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും യാത്രാ ചിലവ് വർദ്ധിക്കാനാണ് സാധ്യത.

Setback for passengers: Flights including British Airways cancelled; fuel price hike also poses a challenge

More Stories from this section

family-dental
witywide