ട്വൻ്റി – 20 പരമ്പര: കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 44 റൺസ് വിജയം

കാര്യവട്ടത്ത് ഇത്തവണ മഴ കളിച്ചില്ല. പകരം ഇന്ത്യ നന്നായി കളിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇതാദ്യമായി ഒരു രാജ്യാന്തര മത്സരത്തില്‍ ഇരുടീമുകളും മുഴുവന്‍ ഓവറും നേരിട്ടപ്പോള്‍ വിജയം ഇന്ത്യക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും എതിരാളികളെ നിഷ്പ്രഭരാക്കിയ ഇന്ത്യന്‍ ടീം കാര്യവട്ടത്ത് 44 റണ്‍സിന് വിജയിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ പ്രസിദ്ധ് കൃഷ്ണ, സ്പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇവര്‍ക്കു പുറമേ ഓരോ വിക്കറ്റുകളുമായി അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവരും തിളങ്ങി

25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 45 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് അവരുടെ ടോപ്‌സ്‌കോറര്‍. 22 പന്തില്‍ 37 റണ്‍സ് നേടിയ ടിം ഡേവിഡ് സ്‌റ്റോയ്‌നിസിന് മികച്ച പിന്തുണ നല്‍കി. ഓസീസ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്(19), ഓപ്പണര്‍ മാത്യു ഷോര്‍ട്ട്(19), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ്(2), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(12) എന്നിവര്‍ നിരാശപ്പെടുത്തി. നായകന്‍ മാത്യു വെയ്ഡാണ് അവരുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്നത്തെ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്താനും ഇന്ത്യക്കായി.

നേരത്തെ മുന്‍നിര ബാറ്റര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യക്ക് തുണയായത്. ബാറ്റിങ് നിരയിലെ ആദ്യ മൂന്നു സ്ഥാനക്കാരും അര്‍ധസെഞ്ചുറി നേടിയപ്പോള്‍ വാലറ്റത്ത് റിങ്കുസിങ്ങിന്റെ വെടിക്കെട്ടും കൂടിച്ചേര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചുകയറുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ 58 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്ക്‌വാദാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. യശ്വസി ജയ്‌സ്വാള്‍(53), ഇഷാന്‍ കിഷന്‍(52) എന്നിവരാണ് മറ്റ് മിന്നും താരങ്ങള്‍.

തുടക്കമായിരുന്നു ഇന്ത്യക്ക് ഓപ്പണര്‍മാരായ ജയ്‌സ്വാളും ഗെയ്ക്ക്‌വാദും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 77 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ജയ്‌സ്വാളായിരുന്നു ആക്രമണകാരി. 25 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 53 റണ്‍സ് നേടിയ ശേഷമാണ് ജയ്‌സ്വാള്‍ പുറത്താകുന്നത്.

ജയ്‌സ്വാള്‍ പുറത്തായശേഷം ക്രീസില്‍ എത്തിയ ഇഷാന്‍ കിഷനും ആക്രമണപാത തന്നെ തിരഞ്ഞെടുത്തതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂടി. 87 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇഷാന്‍-ഗെയ്ക്ക്‌വാദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 32 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 52 റണ്‍സ് നേടി ഇഷാന്‍ പുറത്തായപ്പോള്‍ ഗെയ്ക്ക്‌വാദ് ഒരറ്റത്ത് നങ്കൂരമിട്ടു നില്‍ക്കുകയായിരുന്നു. ടീം സ്‌കോര്‍ 220 കടന്ന ശേഷമാണ് ഋതുരാജ് കീഴടജ്ങിയത്. മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ഋതുരാജിന്റെ 58 റണ്‍സ്.നായകന്‍ സൂര്യകുമാര്‍ യാദവ് 19 റണ്‍സ് നേടി .

India wins against Australia in T20 series

Also Read

More Stories from this section

family-dental
witywide