പ്രതിഷേധക്കടലിനിടയിൽ ഇസ്രായേൽ പ്രസിഡന്‍റ് ഓസ്‌ട്രേലിയയിലേക്ക്; കനത്ത സുരക്ഷയിൽ ബ്രിസ്‌ബേൻ, യുദ്ധക്കുറ്റവാളിയെ സ്വീകരിക്കരുത് എന്നാവശ്യം

ബ്രിസ്ബേൻ: ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗിന്‍റെ ഓസ്‌ട്രേലിയൻ സന്ദർശനത്തെച്ചൊല്ലി രാജ്യം കടുത്ത ഭിന്നതയിലേക്ക്. തിങ്കളാഴ്ച ബ്രിസ്‌ബേനിൽ എത്തുന്ന ഹെർസോഗിനെ സ്വീകരിക്കാൻ ഗവൺമെന്റ് ഒരുങ്ങുമ്പോഴും, യുദ്ധക്കുറ്റവാളി എന്ന് ആരോപിച്ചുകൊണ്ട് വൻ പ്രതിഷേധമുയർത്താനാണ് മനുഷ്യാവകാശ പ്രവർത്തകരുടെ നീക്കം. സിഡ്‌നിയിലെ ബോണ്ടി ബീച്ചിന് സമീപം നടന്ന ഹനുക്ക ആഘോഷത്തിനിടെ 15 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഓസ്‌ട്രേലിയൻ ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഹെർസോഗിനെ ഔദ്യോഗികമായി ക്ഷണിച്ചത്.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ശേഷമുള്ള ജൂത സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനുള്ള നീക്കമാണിതെന്ന് ഭരണകൂടം വ്യക്തമാക്കുന്നു. എന്നാൽ ഗാസയിൽ വംശഹത്യ ആരോപണം നേരിടുന്ന ഒരു രാജ്യത്തിന്റെ തലവനെ അതിഥിയായി സ്വീകരിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയിലെ ഒരു വിഭാഗം ജനങ്ങൾ രൂക്ഷമായാണ് പ്രതികരിക്കുന്നത്. സന്ദർശകനായ ഹെർസോഗിനെ അറസ്റ്റ് ചെയ്യണമെന്ന് പോലും ചില സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സന്ദർശനത്തെക്കുറിച്ചുള്ള ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുന്നുവെന്നും എന്നാൽ ജൂത സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിനാണ് ഇപ്പോൾ മുൻഗണനയെന്നും വിദേശകാര്യ മന്ത്രി പെനി വോങ് വ്യക്തമാക്കി. ഹെർസോഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്തെ 30-ഓളം നഗരങ്ങളിൽ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗാസ യുദ്ധത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഭിന്നത ഓസ്‌ട്രേലിയൻ തെരുവുകളിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.